05:31pm 01 August 2026
NEWS
വ്യാജ പി എച്ച് ഡി യ്ക്കാർക്കെതിരെ കർണാടകത്തിൽ ക്രിമിനൽ നടപടി.
25/07/2026  11:48 AM IST
വിഷ്ണുമംഗലം കുമാർ
വ്യാജ പി എച്ച് ഡി യ്ക്കാർക്കെതിരെ കർണാടകത്തിൽ ക്രിമിനൽ നടപടി

ബംഗളുരു: വ്യാജ ഡോക്ടറേറ്റുകാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ് കർണാടകത്തിലുള്ളത്. ചുളുവിൽ ഡോക്ടറേറ്റ് നൽകുന്ന നിരവധി ഏജൻസികൾ നമ്മുടെ രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി യുജിസി നിരോധിച്ചത് 32 വ്യാജ യൂണിവേഴ്സിറ്റികളാണ്. അതിലേറെയും ഡൽഹിയിലും യു പിയിലും ആന്ധ്രയിലുമാണ്. രണ്ടുവീതം വ്യാജ യൂണിവേഴ്സിറ്റികൾ കർണാടകത്തിലും കേരളത്തിലും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിലെയും വിദേശത്തെയും അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളിൽ നിന്ന് വ്യാജ ബിരുദങ്ങളും ഡോക്ടറേറ്റും നേടുന്നവർ കർണാടകത്തിൽ നിരവധിയാണ്. ഇതിനായി നിലകൊള്ളുന്ന ഏജൻസികൾ ബംഗളുരുവിൽ തന്നെ ധാരാളമുണ്ട്. ഏജൻസികൾക്ക് പണം നൽകിയാണ് പലരും ഡോക്ടറേറ്റ് സ്വന്തമാക്കുന്നത്. ഒരു ഗമയ്ക്ക് പേരിന്റെ ആദ്യം ഡോക്ടർ എന്ന് ചേർക്കുന്നതും വീട്ടിലും ഓഫീസിലും നെയിം ബോർഡ് വെക്കുന്നതും വലിയ അപകടം ചെയ്യുന്നില്ലെങ്കിലും വ്യാജ ഡോക്ടറേറ്റുമായി 'അഭ്യസ്ഥവിദ്യർ' ഉദ്യോഗത്തിൽ പ്രവേശിക്കുന്നതാണ് പ്രശ്നമാകുന്നത്. 249 വ്യാജ പിഎച്ച്ഡിക്കാരെ ഈ വർഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കരിമ്പട്ടികയിൽ ചേർത്തിട്ടുണ്ട്. വ്യാജന്മാരെ കണ്ടെത്താൻ കൃത്യമായ മാർഗ്ഗരേഖ പുറത്തിറക്കിയിരിക്കുകയാണ് ഗവണ്മെന്റ്. പല കോളേജുകളിലും ഗസ്റ്റ് ലക്‌ച്ചർമാരായി ചേരുന്നവരിൽ വ്യാജന്മാരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വ്യാജന്മാരാണെന്ന് തെളിഞ്ഞാൽ ജോലിയിൽ നിന്ന് തൽക്ഷണം പിരിച്ചുവിടുന്നതിന് പുറമെ അവരുടെ പേരിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും കോളജ് പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 2025- 26 കാലയളവിൽ സംസ്ഥാനത്തെ ഫസ്റ്റ് ഗ്രേഡ് കോളേജുകളിൽ പതിനായിരം ഗസ്റ്റ് ലക്‌ച്ചർമാരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപേക്ഷകരുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ വ്യാജന്മാർ പുറത്തുചാടുന്നുണ്ട്. നടപടി ഭയന്ന് ആയിരത്തോളം ഗസ്റ്റ് ലക്‌ച്ചർമാർ ഇതിനകം രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. കോളേജുകളിൽ മാത്രമല്ല സർക്കാർ- സ്വകാര്യ ഗവേഷണ കേന്ദ്രങ്ങളിലും മറ്റും വ്യാജ പിഎച്ച്ഡിക്കാർ വിലസുന്നുണ്ട്. എല്ലാ മേഖലയിലെയും വ്യാജന്മാരെ പിടികൂടാൻ ഉത്തരവിട്ടിരിക്കുകയാണ് ഗവണ്മെന്റ്. പിടികൂടാൻ ചുമതലപ്പെട്ടവരിലും വ്യാജന്മാരുണ്ട് എന്നതാണ് രസകരമായ കാര്യം. വ്യാജ ഡോക്ടറേറ്റുമായി ഞെളിഞ്ഞു നടക്കുകയും സമൂഹത്തിൽ ഉന്നതരെന്ന് ഭാവിക്കുകയും ചെയ്യുന്ന ഒട്ടേറെ മലയാളികളും ബംഗളുരു നഗരത്തിലുൾപ്പെടെ കർണാടകത്തിലുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണം ശക്തമായാൽ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴാനിടയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img